റെജീന: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ വൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കാനഡയിലെ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചിന് അനുകൂലമായി കോടതിയുടെ നിർണായക വിധി. സസ്‌കാച്ചെവൻ പ്രവിശ്യയിലെ പരമോന്നത കോടതിയായ കോർട്ട് ഓഫ് അപ്പീൽ ആണ് ഹണിബാഡ്ജർ എന്റർപ്രൈസസ് (HoneyBadger Enterprises Ltd.) എന്ന സ്ഥാപനത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഇതോടെ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയിൽ ബാങ്കിൽ മരവിപ്പിച്ചു നിർത്തിയിരുന്ന 2,00,000 ഡോളർ കൂടി ഹണിബാഡ്ജറിന് ലഭിക്കും. താഴെത്തട്ടിലുള്ള കോടതി നേരത്തെ പുറപ്പെടുവിച്ച വിധി തിരുത്തിയാണ് അപ്പീൽ കോടതിയുടെ ഈ ഉത്തരവ്.
2022 മുതൽ സസ്‌കാച്ചെവനിലെ ഒരു വിരമിച്ച സ്വദേശിയെ ലക്ഷ്യമിട്ട് നടന്ന തുടർച്ചയായ തട്ടിപ്പുകളാണ് ഈ നിയമപോരാട്ടത്തിന് വഴിവെച്ചത്. യുഎസ് അന്വേഷണ ഏജൻസിയായ ‘എഫ്ബിഐ’ (FBI) ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് സൈബർ ക്രിമിനലുകൾ ഇയാളെ സമീപിച്ചത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഇദ്ദേഹത്തിന് വലിയ തുകകൾ നഷ്ടപ്പെട്ടു. ഒടുവിൽ 2023 പകുതിയോടെ തട്ടിപ്പുകാർക്ക് ഇയാൾ തന്റെ കമ്പ്യൂട്ടറിന്റെ പൂർണ്ണമായ നിയന്ത്രണം (Remote Access) കൈമാറി. ഇതിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി 2,00,000 ഡോളർ ഹണിബാഡ്ജർ ക്രിപ്റ്റോ എക്സ്ചേഞ്ച് വഴി പിൻവലിക്കപ്പെട്ടത്. തുക അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ബാങ്കിനെ സമീപിച്ച് പണമിടപാടുകൾ മരവിപ്പിക്കുകയായിരുന്നു.
ഈ തുകയുടെ അവകാശത്തെച്ചൊല്ലി ക്രിപ്റ്റോ എക്സ്ചേഞ്ചും പണം നഷ്ടപ്പെട്ട വ്യക്തിയും തമ്മിൽ വലിയ നിയമയുദ്ധമാണ് നടന്നത്. 2025-ൽ കേസ് പരിഗണിച്ച കിങ്സ് ബെഞ്ച് കോടതി, തർക്കത്തിലിരുന്ന 2,40,000 ഡോളർ ഇരുവർക്കുമായി വിഭജിച്ചു നൽകാൻ ഉത്തരവിട്ടിരുന്നു. ഇടപാടിൽ സുരക്ഷാ വീഴ്ച വരുത്തിയതിന് ഹണിബാഡ്ജറിനെയും തട്ടിപ്പിന് ഇരയായ വ്യക്തിയെയും കോടതി ഒരുപോലെ കുറ്റക്കാരായി കണ്ടെത്തി. ഇതിൽ 1,40,000 ഡോളർ ക്രിപ്റ്റോ എക്സ്ചേഞ്ചിനും 1,00,000 ഡോളർ ഇരയായ വ്യക്തിക്കും നൽകാനായിരുന്നു അന്നത്തെ ഉത്തരവ്. എന്നാൽ ഇതിനെതിരെ ഹണിബാഡ്ജർ സമർപ്പിച്ച അപ്പീലിലാണ് ഇപ്പോൾ പുതിയ വിധി വന്നിരിക്കുന്നത്.
വിരമിച്ച വ്യക്തി സ്വന്തം താല്പര്യപ്രകാരമാണ് കമ്പ്യൂട്ടറിന്റെയും ഇമെയിലിന്റെയും നിയന്ത്രണം അപരിചിതർക്ക് നൽകിയതെന്നും അതിനാൽ തട്ടിപ്പിന്റെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമാണെന്നും അപ്പീൽ കോടതിയിലെ ജസ്റ്റിസ് നീൽ കാൾഡ്‌വെൽ വ്യക്തമാക്കി. ഇടപാടുകൾക്ക് പ്രത്യേക പാസ്‌വേഡ് സംവിധാനം ഏർപ്പെടുത്തിയില്ല എന്ന താഴെത്തട്ടിലുള്ള കോടതിയുടെ കണ്ടെത്തൽ അപ്പീൽ കോടതി തള്ളി. ഇതോടെ ബാക്കി വന്ന 2,00,000 ഡോളറും ഹണിബാഡ്ജറിന് തന്നെ ലഭിക്കും. നേരത്തെ ലഭിച്ച 40,000 ഡോളർ ഉൾപ്പെടെ ആകെ തുകയായ 2,40,000 ഡോളറും ഇതോടെ ക്രിപ്റ്റോ എക്സ്ചേഞ്ചിന് സ്വന്തമാകും. 60 ദിവസത്തിനകം ഇയാൾ കാനഡ സുപ്രീം കോടതിയെ സമീപിച്ചില്ലെങ്കിൽ ഈ തുക പൂർണ്ണമായും ഹണിബാഡ്ജർ കമ്പനിക്ക് കൈമാറും.
$240,000 crypto fraud: Court rules in favor of exchange in crucial case
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




