കൊച്ചി: 2018-ലെ മഹാപ്രളയം കേവലം പ്രകൃതിക്ഷോഭമല്ലെന്നും മറിച്ച് കോടികളുടെ അഴിമതി ലക്ഷ്യമിട്ട് നടത്തിയ മനുഷ്യനിർമിത ദുരന്തമാണെന്നും ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. അഴിമതിക്ക് തെളിവായി സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ഫോൺ സംഭാഷണവും അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറന്നുവിടാൻ വൈകിച്ചതാണ് കേരളത്തെ മുക്കിയ പ്രളയത്തിന് കാരണമായതെന്നാണ് ആരോപണം. മുൻ ജലസേചന മന്ത്രി മാത്യു ടി. തോമസ് അടക്കമുള്ള എൽഡിഎഫ് നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും കുഴൽനാടൻ ആരോപിച്ചു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തന്റെ പാർട്ടിയിലെ തന്നെ മുതിർന്ന നേതാവിനോട് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് കുഴൽനാടൻ പുറത്തുവിട്ടത്. തോട്ടപ്പിള്ളി സ്പിൽവേ തുറക്കാൻ വൈകിയതാണ് പ്രളയത്തിന്റെ തീവ്രത വർധിപ്പിച്ച പ്രധാന കാരണങ്ങളിലൊന്നായി സംഭാഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്ന സ്പിൽവേ, എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടിട്ടും തുറന്നില്ല. സ്പിൽവേ തുറന്നാൽ താഴെയുള്ള കരിമണൽത്തിട്ട ഒഴുകിപ്പോകുമെന്നതിനാലാണ് ഈ നടപടി വൈകിച്ചതെന്നും കുഴൽനാടൻ ആരോപിക്കുന്നു.
കരിമണൽ ഖനന കരാർ എടുത്ത സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാനാണ് ഡാം തുറക്കാതിരുന്നതെന്ന് എംഎൽഎ പറഞ്ഞു. ക്യുബിക് മീറ്ററിന് വെറും 62 രൂപയ്ക്ക് കരാറെടുത്ത മണൽ, പുറത്ത് മറിച്ചുവിറ്റാൽ 2000 രൂപ വരെ ലഭിക്കും. ഇതുവഴി 300 കോടി രൂപയുടെ ലാഭമാണ് ലക്ഷ്യമിട്ടത്. കരിമണൽ ഒഴുകിപ്പോകാതിരിക്കാൻ ഡാം തുറക്കാതിരുന്നതോടെ വലിയ അളവിൽ വെള്ളം കെട്ടിക്കിടക്കുകയും ഒടുവിൽ പ്രളയമായി മാറുകയും ചെയ്തു. അന്നത്തെ ജലസേചന മന്ത്രി മാത്യു ടി. തോമസിനെ ഉദ്ദേശിച്ച് ‘അധികം പുണ്യാളനൊന്നും ചമയേണ്ട’ എന്ന് കൃഷ്ണൻകുട്ടി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ടെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി.
പെരിങ്ങൽക്കുത്ത് ഡാം തുറന്നതിലും അഴിമതിയുണ്ടെന്ന് കുഴൽനാടൻ ആരോപിക്കുന്നു. മുൻകൂട്ടി തുറക്കേണ്ടിയിരുന്ന ഡാം അവസാന നിമിഷം മാത്രം തുറന്നതാണ് ചെങ്ങന്നൂർ ഭാഗം പൂർണമായും മുങ്ങാൻ കാരണമായത്. കൂടാതെ, തമിഴ്നാട്ടിലെ കോൺട്രാക്ടറുടെ താല്പര്യം സംരക്ഷിക്കാൻ ആളിയാറിൽ നിന്ന് വെള്ളം തുറന്നുവിടാതെ പിടിച്ചുനിർത്തി. ഒടുവിൽ ഡാം നിറഞ്ഞപ്പോൾ ഈ വെള്ളം ഒരുമിച്ച് ഒഴുക്കിവിട്ടതാണ് ചാലക്കുടിയെ പ്രളയത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഗൗരവകരമായ ഈ വെളിപ്പെടുത്തലുകൾ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് പിന്നിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നത്.
2018 floods were man-made; Massive corruption behind Kerala's drowning; Kuzhalnadan releases minister's audio
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




