ലാബ്രഡോർ: ലാബ്രഡോറിൽ മദ്യപിച്ച് സ്നോ മൊബൈൽ ഓടിച്ച രണ്ട് സ്ത്രീകൾക്കെതിരെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) കേസെടുത്തു. തിങ്കളാഴ്ച രാത്രി ഒരു മണിക്കൂറിനുള്ളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ പോലീസ് പിടികൂടിയത്.
ഹോപ്‌ഡേലിൽ രാത്രി 11 മണിയോടെയാണ് ആദ്യത്തെ സംഭവം നടന്നത്. ഒരു പ്രാദേശിക ബാറിൽ നിന്നും മദ്യപിച്ച ശേഷം ഒരു സ്ത്രീ സ്നോ മൊബൈൽ ഓടിച്ച് അപകടകരമായ ഐസ് പാളികൾക്ക് മുകളിലേക്ക് പോകുന്നത് കണ്ട് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് 60 വയസ്സുകാരിയെ പിടികൂടുകയും പരിശോധനയിൽ ഇവർ അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം കഴിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇവരുടെ ലൈസൻസ് റദ്ദാക്കിയ പോലീസ് സ്നോ മൊബൈൽ പിടിച്ചെടുത്ത് മാറ്റി.
ഇതിനുപിന്നാലെ 11:30 ഓടെ നൈനിലെ ഹാർമണി സ്ട്രീറ്റിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. ഇവിടെ മദ്യപിച്ച് സ്നോമൊബൈൽ ഓടിച്ച 41 വയസ്സുകാരി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. മദ്യപിച്ച ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരോട് പരിശോധനയ്ക്കായി ശ്വാസസാമ്പിൾ നൽകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ അതിന് തയ്യാറായില്ല. പരിശോധനയ്ക്ക് വിസമ്മതിക്കുന്നത് മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് തുല്യമായ കുറ്റമാണെന്ന് പോലീസ് വ്യക്തമാക്കി.
രണ്ട് സ്ത്രീകൾക്കുമെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്. സ്നോ മൊബൈൽ എടിവികളോ ആകട്ടെ, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് ഡ്രൈവർക്കും മറ്റുള്ളവർക്കും ഒരുപോലെ ഭീഷണിയാണെന്നും ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ ഉടൻ 911-ൽ വിളിച്ച് അറിയിക്കണമെന്നും RCMP പ്രസ്താവനയിലൂടെ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
2 women charged in Labrador for driving snowmobiles while impaired



