ടൊറന്റോ : ഇറ്റോബിക്കോയിലെ ഹൈവേ 401-ൽ ഇന്നലെ രാത്രിയിലുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചു, മറ്റ് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ടൊറന്റോ പോലീസ് സംശയിക്കുന്നത് ഇത് മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട സംഭവമാണെന്നാണ്. ഞായറാഴ്ച പുലർച്ചെ 12:30 കഴിഞ്ഞ് ഉടൻ ഹൈവേയുടെ കിഴക്കുഭാഗത്ത് റെൻഫോർത്ത് ഡ്രൈവ് ഓഫ്-റാമ്പിന് സമീപമാണ് അപകടമുണ്ടായത്.
പോലീസ് അറിയിച്ചതനുസരിച്ച്, 19 വയസ്സുള്ള ഒരു യുവാവ് ഓടിച്ചിരുന്ന വാഹനം ആറ് യാത്രക്കാരുമായി നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് വാഹനം ഹൈവേയുടെ ഓരത്തായിരുന്നോ അതോ യാത്രാ ലെയ്നിലായിരുന്നോ എന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് കുട്ടികൾ സംഭവസ്ഥലത്ത് വച്ച് മരണപ്പെട്ടു, മൂന്നാമത്തെ കുട്ടി ആശുപത്രിയിൽ വച്ച് മരിച്ചു. നാലാമത്തെ കുട്ടിയെയും രണ്ട് മുതിർന്നവരെയും ഗുരുതരമായ, എന്നാൽ ജീവന് ഭീഷണിയല്ലാത്ത പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിനിടയാക്കിയ വാഹനമോടിച്ച 19-കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു ,മദ്യപിച്ച് വാഹനമോടിച്ചതിന് അയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ മരണമടഞ്ഞ കുട്ടികളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരിച്ചവരും പരിക്കേറ്റവരും ഒരേ കുടുംബാംഗങ്ങളാണോ എന്നും വ്യക്തമല്ല.
അന്വേഷകർ സംഭവസ്ഥലം പരിശോധിക്കുന്നതിനാൽ റെൻഫോർത്ത് ഡ്രൈവ് അടച്ചിട്ടിരിക്കുകയാണ്. ടൊറന്റോ പോലീസും പാരാമെഡിക്കുകളും ഈ സംഭവത്തെ മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഹൃദയഭേദകമായ ഓർമ്മപ്പെടുത്തലായി വിശേഷിപ്പിച്ചു.



