പ്യൂർട്ടോ പ്ലാറ്റ: അവധിക്കാലം ആഘോഷിക്കാൻ സഹോദരനോടൊപ്പം എത്തിയ 19 വയസ്സുകാരനായ കനേഡിയൻ സ്വദേശി ട്രിസ്റ്റൻ പ്രൈമോ-പോയ്ട്രാസ് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച പുലർച്ചെ പ്യൂർട്ടോ പ്ലാറ്റ പ്രവിശ്യയിൽ വെച്ചാണ് ക്യുബെക് സ്വദേശിയായ യുവാവിനു നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സെൻട്രോ മെഡിക്കോ ബോർണിഗൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
തന്റെ 26 വയസ്സുകാരനായ സഹോദരനോടൊപ്പം ഹോട്ടലിൽ താമസിക്കുകയായിരുന്നു ട്രിസ്റ്റൻ. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ഭക്ഷണം വാങ്ങാനായി ഇരുവരും സ്കൂട്ടറിൽ പുറത്തുപോയി മടങ്ങുമ്പോഴാണ് സംഭവം. മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ ഇവരെ പിന്തുടരുകയും ട്രിസ്റ്റനെ വെടിവെക്കുകയുമായിരുന്നു. യുവാവിന്റെ ശരീരത്തിന്റെ ഇടത് ഭാഗത്താണ് വെടിയേറ്റതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ക്യുബെക്കിലെ സെയിന്റ് ജൂലിയൻ മുനിസിപ്പാലിറ്റി സ്വദേശിയാണ് കൊല്ലപ്പെട്ട യുവാവ്. സംഭവത്തിൽ കനേഡിയൻ ഗ്ലോബൽ അഫയേഴ്‌സ് അധികൃതർ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ കോൺസുലർ സഹായം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി സാന്റിയാഗോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിലേക്ക് മാറ്റി. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികൾക്കായി തിരച്ചിൽ ഊർജിതമാണെന്നും പ്രാദേശിക അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
19-year-old Canadian man shot dead in Dominican Republic while traveling with his brother



