ഒന്റാറിയോ പ്രവിശ്യയിലെ പിക്കറിംഗ് നഗരത്തിൽ വ്യാഴാഴ്ച ഒരു സ്ത്രീയെ കുത്തിക്കൊന്ന കേസിൽ 13 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡർഹാം റീജിയണൽ പോലീസ് ഈ കൊലപാതകത്തെ “ക്രൂരവും ഭീരുത്വവുമായ” പ്രവൃത്തിയെന്ന് വിശേഷിപ്പിച്ചു. സംഭവം വീഡിയോയിൽ പകർത്തപ്പെട്ടിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു.
ഫെയർപോർട്ട് റോഡിനു സമീപമുള്ള ലിൻ ഹൈറ്റ്സ് ഡ്രൈവിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. പോലീസിന്റെ വിവരപ്രകാരം, സ്ത്രീയുടെ അടുത്തേക്ക് അപരിചിതനായ ഒരാൾ എത്തുകയും അവരെ ക്രൂരമായി ഒന്നിലധികം തവണ കത്തികൊണ്ട് കുത്തുകയും ചെയ്യുകയായിരുന്നു.വഴിയിലൂടെ പോയ ഒരാൾ ഗുരുതര പരിക്കുകളോടെ കിടക്കുന്ന സ്ത്രീയെ കണ്ടെത്തുകയും ഉടൻ തന്നെ സഹായത്തിനായി വിളിക്കുകയും ചെയ്തു. പരിക്കേറ്റ സ്ത്രീയെ ടൊറന്റോയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വച്ച് മരണം സംഭവിച്ചു. മരിച്ച സ്ത്രീയുടെ വ്യക്തിവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന് ശേഷം പോലീസ് പ്രദേശത്തിന് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് തീവ്രമായ തിരച്ചിൽ ആരംഭിച്ചിക്കുകയായിരുന്നു .സമീപത്തുള്ള താമസക്കാരോട് വീടുകൾക്കുള്ളിൽ സുരക്ഷിതമായി തുടരാൻ ആവശ്യപ്പെട്ടു .ഹെലികോപ്റ്ററുകൾ, പോലീസ് നായകൾ എന്നിവയുടെ സഹായത്തോടെ ടൊറന്റോ പോലീസിന്റെയും ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസിന്റെയും സഹകരണത്തോടെ വിപുലമായ അന്വേഷണം നടത്തി ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം രാത്രി 8:30 ഓടെ പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് അടിയന്തര മുന്നറിയിപ്പ് പിൻവലിച്ചത്.ആക്രമണത്തിന്റെ കാരണം എന്താണെന്ന് പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവ സമയത്ത് സ്ത്രീ തന്റെ വീടിന് പുറത്ത് ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
മുൻകരുതൽ നടപടിയായി പിക്കറിംഗ് നഗരസഭ കമ്മ്യൂണിറ്റി സെന്ററുകൾ, ലൈബ്രറികൾ എന്നിവയുൾപ്പെടെയുള്ള പൊതു സൗകര്യങ്ങൾ അടച്ചിട്ടു. നഗര മേയർ കെവിൻ ആഷെ ഇരയുടെ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി. “നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗം വേദനിക്കുമ്പോൾ നാമെല്ലാവരും വേദനിക്കുകയാണ്” എന്ന് മേയർ ആഷെ പറഞ്ഞു



