കെലോന: ബ്രിട്ടീഷ് കൊളംബിയയിലെ ഒക്കനഗൻ തടാകത്തിൽ രണ്ട് ബോട്ടുകൾ കൂട്ടിയിടിച്ച് പന്ത്രണ്ട് പേർ ആശുപത്രിയിൽ. ബുധനാഴ്ച രാത്രി 8:40 ഓടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് ഏഴ് ആംബുലൻസുകളും മറ്റ് രക്ഷാപ്രവർത്തന യൂണിറ്റുകളും ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമല്ലെന്നും അഞ്ച് പേർ സുരക്ഷിതരാണെന്നും ബി.സി എമർജൻസി ഹെൽത്ത് സർവീസസ് വക്താവ് ബോവൻ ഒസോക്കോ അറിയിച്ചു.
ഒക്കനഗൻ തടാകത്തിലെ വില്യം ആർ. ബെന്നറ്റ് പാലത്തിന് സമീപമാണ് അപകടം നടന്നതെന്നാണ് സെൻട്രൽ ഒക്കനഗൻ സെർച്ച് ആൻഡ് റെസ്ക്യൂ ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൂട്ടിയിടിച്ച ബോട്ടുകളിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ.സി.എം.പി) ഉറപ്പ് വരുത്തി. കെലോന ഫയർ ഡിപ്പാർട്ട്മെൻ്റ് അപകടത്തിൽപ്പെട്ട ബോട്ടുകൾ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കാത്ത രീതിയിൽ തടാകത്തിൽ നിന്ന് നീക്കം ചെയ്തു.
കാനഡയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഒക്കനഗൻ തടാകത്തിൽ ബോട്ടപകടങ്ങൾ വളരെ അപൂർവമായാണ് സംഭവിക്കാറുള്ളത്. അപകടത്തിൻ്റെ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടന്നുവരികയാണ്.
Boat accident on Okanagan Lake; 12 people hospitalized!



