ലോകത്തെ ഞെട്ടിച്ച് അതിവേഗ ഇന്റർനെറ്റ് സാങ്കേതികവിദ്യയിൽ നിർണായക മുന്നേറ്റം നടത്തി ചൈന. ഹുവായിയുടെ സഹായത്തോടെയാണ് ചൈന ലോകത്തെ അതിശയിപ്പിക്കുന്ന മുന്നേറ്റം നടത്തിയിരിക്കുന്നത്. യൂണികോം, ഹെബെയ് പ്രവിശ്യയിലെ സുനാൻ കൗണ്ടിയിലാണ് രാജ്യത്തെ ആദ്യത്തെ 10-ഗിഗാബിറ്റ് (10G) ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് സ്ഥാപിച്ചിരിക്കുന്നത്. ഈ പുതിയ സംവിധാനം സാധാരണ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പുതിയ അനുഭവം നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്.10ജിയിൽ ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.സിനിമ ഡൗൺലോഡിങ്ങിനെക്കാൾ വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്. വിനോദ, ഉപഭോക്തൃ ആപ്ലിക്കേഷനുകളിലെ വേഗതയ്ക്കുപുറമേ വിവിധ മേഖലകളുടെ ഉന്നമനത്തിനും ഈ കണ്ടുപിടുത്തം ഗുണകരമാകും. ടെലിമെഡിസിൻ, വിദൂര വിദ്യാഭ്യാസം, സ്മാർട്ട് അഗ്രികൾച്ചർ എന്നിവയിൽ ഇത് വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിവിധ മേഖലകളിൽ പ്രകടനം മെച്ചപ്പെടുത്താനും ഇത് സഹായകമാകും.
വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായിട്ടുള്ള ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യയിൽ ചൈനയെ മുൻനിരയിലേക്കുയർത്താൻ ഈ പദ്ധതി വഴിയൊരുക്കും. നിലവിൽ യുഎഇയിലും ഖത്തറിലും ലഭ്യമാണെന്ന് പരസ്യപ്പെടുത്തിയിട്ടുള്ള അതിവേഗ ഇന്റർനെറ്റ് സംവിധാനങ്ങളെയാണ് ചൈന മറികടക്കാൻ പോകുന്നത്.



