ടംബ്ലർ റിഡ്ജ് (ബ്രിട്ടീഷ് കൊളംബിയ): വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലെ സമാധാനാന്തരീക്ഷം തകർത്ത് ടംബ്ലർ റിഡ്ജ് ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണ് ദാരുണമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. അക്രമി എന്ന് സംശയിക്കുന്നയാൾ സ്കൂളിനുള്ളിൽ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്കൂളിനുള്ളിൽ അക്രമിയുടേതടക്കം ഏഴു പേരുടെ മൃതദേഹങ്ങളാണ് പോലീസ് കണ്ടെത്തിയത്. പരിക്കേറ്റ ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. കൂടാതെ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വീടിനുള്ളിൽ രണ്ട് പേരെ കൂടി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ ആകെ മരണസംഖ്യ പത്തായി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ എയർ ആംബുലൻസ് വഴി വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
അക്രമി ആരാണെന്നോ എന്തിനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിരച്ചിൽ സമയത്ത് അധികൃതർ നൽകിയ സന്ദേശത്തിൽ ബ്രൗൺ മുടിയുള്ള, ഗൗൺ ധരിച്ച ഒരു സ്ത്രീയെക്കുറിച്ചാണ് സൂചിപ്പിച്ചിരുന്നത്. ഇത് അക്രമി തന്നെയാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്തെ സ്കൂളുകൾക്ക് ഈ ആഴ്ച മുഴുവൻ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിതമായുണ്ടായ ഈ ദുരന്തത്തിൽ പകച്ചുനിൽക്കുന്ന ടംബ്ലർ റിഡ്ജ് ഗ്രാമത്തിന് എല്ലാവിധ പിന്തുണയും സഹായവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
10 dead, including suspect, after mass shooting at northern B.C. high school



