വാഷിംഗ്ടൺ: ക്രെഡിറ്റ് കാർഡ് പലിശനിരക്ക് പത്ത് ശതമാനമായി നിജപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ 20 മുതൽ 30 ശതമാനം വരെ ഈടാക്കുന്ന പലിശ നിരക്കുകൾ ജനങ്ങളെ ചൂഷണം ചെയ്യുന്നതാണെന്നും ഇത് തടയാൻ നിയമനിർമ്മാണം വേണമെന്നുമാണ് പ്രസിഡന്റിന്റെ നിലപാട്.
ക്രെഡിറ്റ് കാർഡ് കമ്പനികൾ പലിശ നിരക്ക് കുറയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ട്രംപ് കോൺഗ്രസിന്റെ സഹായം തേടുന്നത്. എന്നാൽ, ഈ നീക്കം സാധാരണക്കാർക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പലിശ നിരക്കിൽ കൃത്രിമമായി പരിധി ഏർപ്പെടുത്തുന്നത് വിപണിയിൽ ക്രെഡിറ്റ് ലഭ്യത കുറയാൻ കാരണമാകുമെന്നും, ഇത് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബാങ്കിംഗ് മേഖലയും ഈ നിർദ്ദേശത്തെ ശക്തമായി എതിർക്കുന്നുണ്ട്. പലിശ നിരക്ക് പത്ത് ശതമാനമായി പരിമിതപ്പെടുത്തിയാൽ രാജ്യത്തെ 80 ശതമാനം ആളുകൾക്കും ക്രെഡിറ്റ് സൗകര്യം നഷ്ടപ്പെടുമെന്ന് ജെ.പി മോർഗൻ ചേസ് സി.ഇ.ഒ ജെയ്മി ഡൈമൺ അഭിപ്രായപ്പെട്ടു. ബാങ്കുകളുടെ വരുമാനം കുറയുന്നതോടെ നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ, ബോണസുകൾ എന്നിവ നിർത്തലാക്കാനും സാധ്യതയുണ്ട്.
അതേസമയം, രാഷ്ട്രീയമായി ഈ നീക്കത്തിന് ചില ഡെമോക്രാറ്റിക് നേതാക്കളുടെ പിന്തുണ ലഭിക്കുന്നുണ്ട്. എലിസബത്ത് വാറൻ, ബെർണി സാൻഡേഴ്‌സ് തുടങ്ങിയവർ പലിശ പരിധി നിശ്ചയിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും, ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ പല പ്രമുഖ നേതാക്കളും ഇതിനെതിരെ രംഗത്തുവന്നു. വിപണിയിലെ ഇടപെടൽ തൊഴിലില്ലായ്മ വർദ്ധിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയെ തളർത്താനും ഇടയാക്കുമെന്ന് ഇവർ ഭയപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
10% cap on credit card interest: Economists express concern over Trump's move



