കഴിഞ്ഞയാഴ്ച സ്കാർബറോയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റൊരാൾക്കെതിരെ കാനഡ മുഴുവൻ വാറണ്ട് പുറപ്പെടുവിച്ചതായും ടൊറന്റോ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടൊറന്റോയിൽ നിന്നുള്ള 24കാരനായ ജെലാനി ഡിജോംഗ്-റീസിനെ അറസ്റ്റ് ചെയ്യുകയും രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ജൂൺ 9 തിങ്കളാഴ്ച രാത്രി 8:30 ഓടെ സീഡാർ ഡ്രൈവ്, എഗ്ലിന്റൺ അവന്യൂ ഈസ്റ്റ് പ്രദേശത്താണ് ആക്രമണം നടന്നത്. സംഭവം അറിഞ്ഞ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ, വെടിയേറ്റ് നിലത്ത് കിടക്കുന്ന ഒരാളെ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടൊറന്റോയിൽ നിന്നുള്ള 33കാരനായ ജോർദാൻ തോംസൺ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. നഗരത്തിലെ ഈ വർഷത്തെ 15-ാമത്തെ കൊലപാതകമാണിത്.
ടൊറന്റോയിൽ നിന്നുള്ള 31കാരിയായ തമാ മക്ലീൻ ആണ് പോലീസ് തിരിച്ചറിയുന്ന രണ്ടാമത്തെ പ്രതി. ഇവർ ഇപ്പോളും ഒളിവിലാണ്. രണ്ടാം ഡിഗ്രി കൊലപാതക കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. പ്രതിയെക്കുറിച്ച് അറിയാവുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. പ്രതിയെക്കുറിച്ച് എന്തൊങ്കിലും വിവരം കിട്ടുന്ന ആളുകൾ ക്രൈം സ്റ്റോപ്പേഴ്‌സിനെ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.



