ഒന്റാരിയോ: കാനഡ, ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ വിദേശ വിദ്യാർത്ഥികളെയും കുടിയേറ്റത്തെയും സംബന്ധിച്ച നയങ്ങൾ കർശനമാക്കിയതോടെ പഞ്ചാബിലെ ആയിരക്കണക്കിന് യുവാക്കളുടെ വിദേശപഠന-തൊഴിൽ സ്വപ്നങ്ങൾ പ്രതിസന്ധിയിലായതായി റിപ്പോർട്ടുകൾ. പ്രത്യേകിച്ച് കാനഡയിലെ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) യോഗ്യതാ മാനദണ്ഡങ്ങളിൽ വന്ന മാറ്റവും, ബ്രിട്ടൻ Graduate Route Visa കാലാവധി ചുരുക്കിയതും, അമേരിക്ക ഇന്ത്യൻ വാണിജ്യ വാഹന ഡ്രൈവർമാർക്കെതിരെ Operation Checkmate എന്ന പ്രത്യേക നടപടി ആരംഭിച്ചതും പഞ്ചാബിലെ യുവാക്കളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ യുവജന വോട്ടർമാരിലും പ്രകടമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) കണക്കുകൾ പ്രകാരം, 2022 മുതൽ അമേരിക്കയിൽ നിന്ന് 2,000 മുതൽ 2,500 വരെ പഞ്ചാബ് സ്വദേശികളെ നാടുകടത്തിയിട്ടുണ്ട്. 2025-ൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 3,567 ഇന്ത്യൻ പൗരന്മാരിൽ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. 2026 ജനുവരി 1 മുതൽ ജൂലൈ 31 വരെ മാത്രം 1,273 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെയും (CBSA) കുടിയേറ്റ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ 2022 മുതൽ 8,600-ലധികം ഇന്ത്യക്കാരെ കാനഡയിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. ഇതിൽ പഞ്ചാബിനാണ് ഏറ്റവും വലിയ ആഘാതമുണ്ടായതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വിവിധ കാരണങ്ങളാൽ 15,515 പഞ്ചാബ് സ്വദേശികൾ നാടുകടത്തൽ ഭീഷണി നേരിട്ടിരുന്നു. ഇവരിൽ ഏകദേശം 9,000 പേർ മുൻ വിദേശ വിദ്യാർത്ഥികളോ പി.ആർ തേടിയവരോ ആയിരുന്നു.
ശേഷിക്കുന്ന 6,515 പേരുടെ അപേക്ഷകൾ തള്ളപ്പെട്ടതും, വിസ കാലാവധി കഴിഞ്ഞതും, നിയമലംഘനങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങളാൽ “Removal in Progress” പട്ടികയിൽ ഉൾപ്പെടുത്തി. വ്യാജ കോളേജ് പ്രവേശനരേഖകൾ, വിസ തട്ടിപ്പ്, സംഘടിത കുറ്റകൃത്യ ശൃംഖലകളുമായുള്ള ബന്ധം, ക്രിമിനൽ കേസുകൾ എന്നിവയും ചിലരുടെ പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കാനഡയിലെ സുരക്ഷാ ഏജൻസികളുടെയും അന്വേഷണ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ, വലിയ കടബാധ്യതയുമായി കാനഡയിലെത്തുന്ന ചില വിദ്യാർത്ഥികൾ സാമ്പത്തിക സഹായ വാഗ്ദാനങ്ങളിലൂടെ കുറ്റകൃത്യ സംഘങ്ങളുടെയും അതേപോലെ തീവ്രവാദവുമായി ബന്ധപ്പെട്ട ആലുകളുടെ കൂട്ടത്തിലേക്കും വീഴുന്ന സാഹചര്യം ഉണ്ടാകുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 2025 മേയ് 19-ന് സറേയിലെ ഹാസ്യതാരം കപിൽ ശർമയുടെ Kaps Cafeയ്ക്ക് നേരെയുണ്ടായ വെടിവെപ്പുകേസിൽ പ്രതിയായ ജഷൻദീപ് സിംഗ് 2022-ൽ വിദ്യാർത്ഥി വിസയിൽ കാനഡയിലെത്തിയയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിതാവ് വായ്പയെടുത്താണ് വിദേശത്തേക്ക് അയച്ചതെന്നും തുടർന്ന് കുറ്റകൃത്യ സംഘവുമായി ചേർന്നുവെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു.
2026 ഏപ്രിൽ അവസാനം ഓസ്ട്രേലിയയും 15 ഇന്ത്യക്കാരെ നാടുകടത്തിയിരുന്നു. ഇവരിൽ 11 പേരും പഞ്ചാബിൽ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചു. അതേസമയം, കാനഡയിൽ വിദ്യാർത്ഥി വിസ നിരസിക്കപ്പെടുന്നവരുടെ നിരക്ക് 70 ശതമാനത്തോളം ഉയർന്നതോടെ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് കൂടുതൽ വിദ്യാർത്ഥികൾ ശ്രദ്ധ തിരിക്കുന്നത്. എങ്കിലും വിദേശപഠനത്തിനും സ്ഥിരതാമസത്തിനുമായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഇപ്പോഴും തിരഞ്ഞെടുക്കുന്ന രാജ്യം കാനഡ തന്നെയാണ്.
പുതിയ കുടിയേറ്റ നയങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലെ ബിരുദ കോഴ്സുകൾ മാറ്റിവെച്ച് പഞ്ചാബിലെ സർവകലാശാലകളിൽ തന്നെ പഠനം തുടരാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. മുമ്പ് വിദേശ ബിരുദം തൊഴിൽ ഉറപ്പാക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് ഉറപ്പില്ലാത്തതിനാൽ ഈ മാറ്റം ഉണ്ടായെന്നാണ് വിലയിരുത്തൽ. ഇതിലൂടെ വിദ്യാഭ്യാസ വായ്പയുടെ ഭാരം കുറയ്ക്കാനും ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാനുമാകുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ.
2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 18-19 വയസ് പ്രായമുള്ള 3.48 ലക്ഷം ആദ്യവോട്ടർമാരിൽ വെറും 57 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. വലിയൊരു വിഭാഗം വിദേശപഠനത്തിനായി രാജ്യത്തിന് പുറത്തായിരുന്നതും ഇതിനൊരു കാരണമായി വിലയിരുത്തപ്പെടുന്നു. എന്നാൽ വിദേശ അവസരങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ 2027-ൽ കൂടുതൽ യുവാക്കൾ വോട്ടെടുപ്പിൽ പങ്കെടുക്കുമോയെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.
പഞ്ചാബ് സർവകലാശാലയിലെ രാഷ്ട്രീയശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. അശുതോഷ് കുമാർ പറയുന്നതനുസരിച്ച്, വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ മാത്രമല്ല, രാഷ്ട്രീയത്തോടുള്ള നിരാശയും യുവജന വോട്ടെടുപ്പ് കുറയാൻ കാരണമായി. അഴിമതിയും തൊഴിൽ തട്ടിപ്പുകളും രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അകൽച്ച വർധിപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനിടെ കാനഡയിലെ Portage College-ൽ രണ്ടുവർഷത്തെ നോൺ-ക്രെഡിറ്റ് ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ പൂർത്തിയാക്കിയ പഞ്ചാബിൽ നിന്നുള്ള 480-ലധികം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ മാസം PGWP നിഷേധിക്കപ്പെട്ടു.
കോളേജിന് സർക്കാർ അംഗീകാരം ഉണ്ടായിരുന്നെങ്കിലും പഠിച്ച കോഴ്സ് വർക്ക് പെർമിറ്റിന് അർഹമല്ലെന്ന വിവരം ഏജന്റുമാർ വ്യക്തമാക്കിയിരുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾ കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ കാൽഗറിയിൽ പ്രതിഷേധം തുടരുകയാണ്. ചിലർ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ മറ്റൊരു യോഗ്യതയുള്ള കോഴ്സിൽ പ്രവേശനം നേടുകയോ അല്ലെങ്കിൽ കാനഡ വിടുകയോ ചെയ്യണമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനായി വീണ്ടും പതിനായിരക്കണക്കിന് ഡോളർ ചെലവഴിക്കേണ്ടിവരുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഇതിനിടെ ശിരോമണി അകാലി ദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കാനഡ സർക്കാരുമായി വിഷയം ചർച്ച ചെയ്ത് വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. കാനഡയിലെ പാർട്ടി ഘടകത്തിനും വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദേശ വിദ്യാഭ്യാസത്തിന്റെ പേരിൽ പഞ്ചാബിലെ നൂറുകണക്കിന് വിദ്യാർത്ഥികളെ ഏജന്റുമാരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും തെറ്റിദ്ധരിപ്പിച്ചെന്നാണ് വ്യാപക ആരോപണം. വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗനിർദേശം നൽകുന്ന ഔദ്യോഗിക സംവിധാനം സംസ്ഥാനത്ത് ഇല്ലാത്തതാണ് ഈ സാഹചര്യത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
The price of studying abroad: debt and deportation; thousands of Indian students anxious.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





